നിങ്ങള്‍ക്കു ജാമ്യം
ഭൂമിയില്‍ നമ്മുടെ ജീവിതം താത്ക്കാലികമാകുന്നു. മുനഷ്യന്റെ ദ്രവത്വമുള്ള ശരീരത്തിനുള്ളില്‍ അക്ഷയമായ ഒരു ദേഹി കാണപ്പെടുന്നു. ആകയാല്‍ ഈ ലോകജീവിതത്തോടുകൂടെ അവന്റെ ജീവിതം അവസാനിക്കുന്നില്ല. മനുഷ്യന്‍ തന്റെ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തത് നന്മയായാലും തിന്മയായാലും അതിനു തക്കവണ്ണം തന്റെ മരണത്തിനുശേഷം നിത്യതയില്‍ അവന്‍ ദൈവസന്നിധിയാകുന്ന മോക്ഷമോ അല്ലെങ്കില്‍ പിശാചിന്റെ സ്ഥലമായ നരകമോ പ്രാപിക്കും. എല്ലാ മനുഷ്യരും തങ്ങളുടെ ചിന്തകള്‍ അഥവാ പ്രവൃത്തികള്‍ മൂലം പാപികളായിത്തീര്‍ന്നിരിക്കുന്നു. ഈ പാപത്തിന് നിവാരണം ലഭിച്ചാല്‍ മാത്രമേ മനുഷ്യന് മോക്ഷം പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ മനുഷ്യനു സ്വതവേ പരിഹാരം വരുത്തുവാന്‍ കഴിയുകയില്ല. പൊതുവേ മനുഷ്യന്‍ ചെയ്യുന്ന നന്മയേക്കാള്‍ തിന്മ അധികമാകുന്നു.
ആഴമായ ചേറ്റില്‍ കാലുകള്‍ അകപ്പെട്ടതാ ഒരു മനുഷ്യന്‍, സ്വയമായി പുറത്തു വരുവാന്‍ പ്രയത്‌നിച്ചാല്‍, തന്റെ ഒരു കാല്‍ ഉയര്‍ത്തുമ്പോള്‍ മറ്റേ കാല്‍ ആഴത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കും. മനുഷ്യര്‍ സ്വപ്രയത്‌നത്താല്‍ വിശുദ്ധ ജീവിതം നയിക്കാന്‍ ശ്രമിച്ചാല്‍ ഇപ്രകാരമാകുന്നു സംഭവിക്കുന്നത്. പാപത്തില്‍ മുഴുകിയിരിക്കുന്ന മനുഷ്യന്‍ അവയില്‍ നിന്നും മുക്തിനേടി വിശുദ്ധിയുടെ പരമോന്നതി പ്രാപിക്കുവാന്‍, സകല മനുഷ്യര്‍ക്കു വേണ്ടിയും ജാമ്യം നില്‍ക്കുവാന്‍ കഴിവുള്ള പാപരഹിതനായ ഒരു മനുഷ്യന്‍ ഈ ഭൂമിയില്‍ ഇല്ല. ‘ഇപ്പോഴും എന്റെ സാക്ഷി സ്വര്‍ഗ്ഗത്തിലും എന്റെ ജാമ്യക്കാരന്‍ ഉയരത്തിലും ഇരിക്കുന്നു’ എന്ന് ഇയ്യോബ്. 16:19-ല്‍ പറഞ്ഞിരിക്കുന്നു.
ഇതുനിമിത്തം സ്‌നേഹവാനായ ദൈവം, യേശു എന്ന നാമത്തില്‍ പാപരഹിതനായി അവതരിച്ചു, പാപം ചെയ്യാത്തവനായി ജീവിച്ചു, മുഴു മാനവരാശിക്കു വേണ്ടിയും- ജാമ്യമായി നിന്നു മനുഷ്യര്‍ക്കു തന്റെ ജീവനെ പകരം കൊടുത്തു മരിച്ചു. ‘നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല്‍ ആയി; അവന്റെ അടിപ്പിണരുകളാല്‍ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.’ എന്നു യെശയ്യാവ് 53:5-ല്‍ നാം കാണുന്നു. കൂടാതെ ‘കര്‍ത്താവായ യേശു എല്ലാവര്‍ക്കും വേണ്ടി മരണം ആസ്വദിച്ചു’ എന്നു എബ്രാ. 2:9-ല്‍ വായിക്കുന്നു. ഇവനെക്കുറിച്ച് പിശാചും ‘നീ ദൈവത്തിന്റെ പരിശുദ്ധന്‍’ എന്നു സാക്ഷ്യം പറഞ്ഞു (മര്‍ക്കൊ.1: 24). താന്‍ വിശുദ്ധ ദൈവമാക കൊണ്ട്, മരണത്തെ ജയിച്ച് പുനരുത്ഥാനം പ്രാപിച്ച് ഇന്നും ജീവിക്കുന്നു. താന്‍ ഇന്നും മനുഷ്യരെ നോക്കി ‘ അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, നിങ്ങള്‍ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും’ എന്നു പറയുന്നു (മത്താ. 11:28) ഇതിനെ വിശ്വസിച്ച് സ്വീകരിച്ച ശൗല്‍ എന്നു പേരുള്ള പൌലൊസ് താന്‍ പാപികളില്‍ ഒന്നാമനായി ഇരുന്നതായും (1 തിമൊ.1:15) കര്‍ത്താവായ യേശുവിനെ വിശ്വസിച്ചതിനാല്‍ പാപത്തില്‍ നിന്നു വിമോചിതനായി, വിശുദ്ധനായി മാറിയതായും സാക്ഷ്യം പറയുന്നു (എഫെ. 3:8)
‘അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു’ (1 യോഹ. 2:2) ‘എല്ലാവര്‍ക്കും വേണ്ടി മറുവിലായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ’ (1 തിമൊ. 2:6) ആകയാല്‍ നിങ്ങളും കര്‍ത്താവായ യേശു നിങ്ങള്‍ക്കായി ജാമ്യം നിന്നു നിങ്ങള്‍്കകു വേണ്ടി മരിച്ചു നിങ്ങളെ പാപത്തില്‍ നിന്നു വിടുവിക്കുന്നു എന്നു വിശ്വസിച്ച് യേശുവിനെ കൈക്കൊണ്ടു, നിങ്ങളുടെ പാപങ്ങള്‍ യഥാര്‍ത്ഥ അനുതാപത്തോടെ ഏറ്റുപറഞ്ഞാല്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചു, പാപത്തില്‍ നിന്നും വിമോചനം പ്രാപിച്ചു, രോഗങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിച്ചവനായി, സന്തോഷ സമാധാനമായി ഈ ഭൂമിയില്‍ ജീവിക്കാം. കൂടാതെ നിങ്ങള്‍ മുഴുകല്‍ സ്‌നാനം സ്വീകരിച്ചു, കാത്തിരുന്നു പരിശുദ്ധാത്മാവിന്‍ വരം പ്രാപിക്കുന്നുവെങ്കില്‍, ആന്തരീക മനുഷ്യനില്‍ മേല്‍ക്കുമേല്‍ ബലം പ്രാപിച്ച്, നിങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിശുദ്ധ ജീവിതം നയിക്കാം. അന്ത്യത്തില്‍ കര്‍ത്താവായ യേശുവോടുകൂടെ എന്നെന്നേക്കും സ്വര്‍ഗ്ഗത്തില്‍ വാഴുന്ന ഏറ്റവും ഉയര്‍ന്ന പദവിയും നിങ്ങള്‍ക്ക് കരസ്ഥമാക്കാം.
പ്രാര്‍ത്ഥന: ‘കര്‍ത്താവായ യേശുവേ, അങ്ങ് എന്റെ പാപങ്ങള്‍ക്കായി തിരുരക്തത്തെ വിലയായി അര്‍പ്പിച്ച്, എനിക്കായി ജാമ്യക്കാരനായി നിന്നു, എനിക്കുവേണ്ടി മരിച്ചു എന്നെ വീണ്ടെടുത്തു എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്റെ പാപങ്ങളെ ക്ഷമിച്ചു, എന്നെ അങ്ങയുടെ പൈതലായി സ്വീകരിക്കേണമേ, ഞാന്‍ ഇനി പാപം ചെയ്യാതെ അങ്ങയുടെ പൈതലായി ജീവിക്കും ആമേന്‍.’