യേശുവിന്റെ ക്രൂശിലെ കഷ്ടതകള്‍
കുരിശില്‍ യേശു പ്രാണനെ വിട്ടു. കുരിശില്‍ മരിക്കുന്ന ഒരു വ്യക്തിയുടെ പീഡനങ്ങളും വേദനകളും മരണത്തിന്റെ കാഠിന്യവും ഒരു മെഡിക്കല്‍ ഡോക്ടറായ ട്രൂമാന്‍ ഡേവിഡ് ഇപ്രകാരം വിവരിക്കുന്നു.
മരക്കുരിശ് നിലത്ത് വച്ചിട്ട് ക്രൂശിക്കേണ്ടുന്ന ആളിനെ അതില്‍ കിടത്തുന്നു. വലതുകരം വിരിച്ച് തടിയോട് ചേര്‍ത്ത് ചതുരാകൃതിയിലുള്ള കാരിരുമ്പാണി അടിച്ചു തറയ്ക്കുന്നു. പിന്നീട് ഇടതുകരവും അതുപോലെ വിരിച്ച് കൈകള്‍ തമ്മില്‍ വലിച്ചു മുറുക്കാതെ ആണി അടിച്ചു തറയ്ക്കുന്നു.
കുരിശ് ഉയര്‍ത്തി നാട്ടുന്നു. ഉള്ളം കൈയ്യിലെ ആണിമേല്‍ ഇടതുകാല്‍ ഞാന്ന് ശരീരം തൂങ്ങിക്കിടക്കുമ്പോള്‍ ഇടതുകാല്‍ വലതുകാലിന്റെ മുകളില്‍ വച്ച് ഉള്ളങ്കാല്‍ മരത്തോട് ചേര്‍ത്ത് വളച്ച് പിടിച്ച് രണ്ട് കാല്‍മുട്ടുകളും അയഞ്ഞ രീതിയില്‍ ആണി തറയ്ക്കുന്നു.
ശരീരത്തിന്റെ ഭാരത്താല്‍ കൈപ്പത്തികള്‍ വലിഞ്ഞുമുറുകാന്‍ തുടങ്ങുന്നു. ചുട്ടുപഴുപ്പിച്ചതുപോലെയുള്ള വേദന വിരലുകളിലേക്കും നാഡീഞരമ്പുകളിലേക്കും വ്യാപിക്കുന്നു. ഈ വേദനയുടെ ആധിക്യം തലച്ചോറിനെ ബാധിക്കുന്നു. ശരിസ്സിലും കൈകളിലും കുത്തിത്തുളച്ചു കയറുന്ന സഹിക്കാനാവാത്ത വേദന മൂലം ശരീരത്തെ കാലില്‍ ഉറപ്പിച്ച് മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കും. അപ്പോള്‍ ശരീരത്തിന്റെ ഭാരം മുഴുവനും കാരിരുമ്പ് ആണി തറച്ചു കയറ്റിയിരിക്കുന്ന കാലുകളിലായിത്തീരുന്നു. ചതഞ്ഞു മുറിഞ്ഞു തുളഞ്ഞ കാല്‍പ്പത്തിയിലെ വേദന കാലിന്റെ ഓരോ ഞരമ്പുകളിലും വ്യാപിക്കുവാന്‍ തുടങ്ങും. ശരീരത്തിന്റെ ഭാരം മുഴുവന്‍ പേറുന്ന കൈകള്‍ തളരുന്നു. മാംസപേശികള്‍ കോച്ചിപ്പിടിക്കുന്നു. അസ്ഥികളില്‍ നിന്നും മാസം വേര്‍പെടുന്നതു പോലെയുള്ള മരണവേദനയാല്‍ ശരീരം പുളയുന്നു.
നെഞ്ചിലെ മാംസപേശികള്‍ വലിഞ്ഞു മുറുകുന്നതോടെ ശ്വാസം മുട്ടല്‍ അനുഭവപ്പെടാന്‍ തുടങ്ങുന്നു. പ്രാണവായു ഉള്ളിലേക്ക് വലിച്ച് എടുക്കാമെങ്കിലും അതിനെ ഉഛ്വസിക്കാന്‍ കഴിയാതെ വിമ്മിഷ്ടപ്പെടുന്നു. പെട്ടെന്നു കാര്‍ബണ്‍ഡൈഓക്‌സൈഡ് ശ്വാസകോശത്തില്‍ കെട്ടിപ്പടരുന്നു.
മണിക്കൂറുകളോളം ഈ മരണവേദന നീണ്ടുനില്‍ക്കുന്നു. മരത്തില്‍ തൂങ്ങിക്കിടന്നുകൊണ്ട് ശരീരത്തെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതുമൂലം ഞരമ്പുകള്‍ വലിഞ്ഞു മുറുകി പൊട്ടുന്നു. നെഞ്ചില്‍ ശക്തിയായ വേദന അനുഭവപ്പെടുന്നതോടൊപ്പം രക്തത്തില്‍ നിന്ന് വേര്‍തിരിക്കപ്പെടുന്ന മഞ്ഞനിറത്തിലുള്ള ദ്രാവകം ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന നേര്‍ത്ത തൊലിക്കുള്ളില്‍ വന്നു നിറയുന്നു. ഈ ദ്രാവകം ഹൃദയത്തെ വിമ്മിഷ്ടപ്പെടുത്തുന്നതോടൊപ്പം സമ്മര്‍ദ്ദം ചെലുത്തുവാനും തുടങ്ങുന്നു. കഠിനമായ ഈ സമ്മര്‍ദ്ദം ഹൃദയപേശികളെ ഞെക്കിഞെരുക്കുന്നു. സമ്മര്‍ദ്ദം മൂലം ഞെക്കിഞെരുക്കിയ ഹൃദയം കട്ടികൂടിയതും തടസ്സമില്ലാതെ ഒഴുകുവാന്‍ ബുദ്ധിമുട്ടുള്ളതുമായ രക്തത്തെ പമ്പു ചെയ്യാന്‍ കഠിനപ്രയത്‌നം ചെയ്യുന്നു.
തകരുന്ന ശ്വാസകോശം വെപ്രാളത്തോടെ പ്രാണവായുവിനു വേണ്ടി വീര്‍പ്പുമുട്ടുന്നു. ജീവനും മരണവും തമ്മിലുള്ള മല്‍പ്പിടുത്തം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നു. പെട്ടെന്ന് മരണത്തിന്റെ ശൈത്യം ഒരു നിഴല്‍പോലെ ഇഴഞ്ഞു കയറി പ്രാണനെ കീഴടക്കുന്നു. ഇപ്രകാരം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സകല മനുഷ്യര്‍ക്കു വേണ്ടിയും കഷ്ടമനുഭവിച്ച് കാല്‍വറി ക്രൂശില്‍ യാഗമായി തീര്‍ന്നു. മൂന്നാം ദിവസം താന്‍ മരണത്തെ ജയിച്ചു ഉയിര്‍ത്തെഴുന്നേറ്റു. ഏതു മനുഷ്യനേയും രക്ഷിപ്പാനും അനുഗ്രഹിപ്പാനുമായി ഇന്നും നമ്മുടെ കര്‍ത്താവ് ജീവിക്കുന്നു. മുഴുമാനവരാശിയോടുമുള്ള മനുഷ്യപുത്രന്റെ ആഗാധസ്‌നേഹത്തിന്റെ വലിപ്പം നോക്കുക.
ഇരുപതു നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ഇന്നും ദിവ്യനായ മനുഷ്യപുത്രന്റെ നാമം ഭൂലോകത്തിന്റെ ഓരോ കോണിലുമുള്ള മനുഷ്യരാശിയുടെ ഇടയിലേക്ക് പരന്നുകൊണ്ടിരിക്കുന്നു.
യേശുവിന്റെ ഗെത്ത്‌ശെമന മുതല്‍ കാല്‍വറി ക്രൂശുമരണം വരെയുള്ള കഷ്ടപ്പാടുകളെ യഥാര്‍ത്ഥമായി അറിയുന്നവര്‍ക്കു മാത്രമേ കര്‍ത്താവിനെ സ്‌നേഹിക്കുവാന്‍ കഴിയുകയുള്ളൂ. അങ്ങനെയുള്ളവര്‍ ലോകത്തെ വെറുത്ത് വിശുദ്ധിയില്‍ പൂര്‍ണ്ണത പ്രാപിച്ച് കര്‍ത്താവിന്റെ വരവില്‍ കാണപ്പെടും. യേശുവിന്റെ ശരീരത്തില്‍ നിന്നും വാര്‍ന്നൊഴുകുന്ന വിശുദ്ധമായ രക്തത്താല്‍ കഴുകപ്പെട്ട് ഒരു വിശുദ്ധ ജീവിതം നയിച്ച് നിത്യരക്ഷ കരസ്ഥമാക്കുവാന്‍ നിങ്ങളും വാഞ്ചിക്കുന്നുവോ?
പ്രാര്‍ത്ഥന: ‘കര്‍ത്താവായ യേശുവേ, അങ്ങ് ഇത്രയധികം ക്രൂര പീഡനങ്ങള്‍ എനിക്കുവേണ്ടിയാകുന്നു സഹിച്ചത് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്റെ പാപങ്ങളെല്ലാം പശ്ചാത്താപത്തോടെ ഏറ്റുപറയുന്നു. അങ്ങ് തിരുരക്തത്താല്‍ എന്നെ കഴുകി ശുദ്ധീകരിച്ച് അങ്ങയുടെ പൈതലാക്കി സ്വീകരിക്കേണമേ.’ ആമേന്‍.