13 / 100

IS your name been registeredIS-your-name-been-registered-page22

Download PDF Tracts

നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നുവോ?

ഈ ഭൂമിയില്‍ നിങ്ങള്‍ ജനിച്ചപ്പോള്‍ മാതാപിതാക്കള്‍ നിങ്ങളുടെ പേര്‍ ജനന മരണ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിങ്ങളുടെ ജനനത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. നിങ്ങളെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍, നിങ്ങള്‍ കോളേജില്‍ ചേര്‍ന്നപ്പോള്‍, ഉദ്യോഗത്തില്‍ ചേരുമ്പോള്‍, വീട്, വസ്തു മുതലായവ വാങ്ങുമ്പോള്‍, വിവാഹം കഴിക്കുമ്പോള്‍, വാഹനങ്ങള്‍ക്കു ലൈസന്‍സ് എടുക്കുമ്പോള്‍, ബാങ്കുകളില്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍, നിങ്ങളുടെ വീടിന് വിദ്യുച്ഛക്തി ബന്ധം നല്‍കുമ്പോള്‍- ഈ ലോകത്തില്‍ പല സ്ഥലങ്ങളില്‍ നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. റേഷന്‍ കാര്‍ഡില്‍ നിങ്ങളുടെ പേര്‍ സ്ഥാനം പിടിച്ചിട്ടുണ്ടല്ലോ. ഇപ്രകാരം പല സ്ഥലങ്ങളില്‍ നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ മാത്രമേ അതാതു അവകാശങ്ങളും ആനുകൂല്യങ്ങളും അനുഭവിക്കുവാന്‍ കഴിയുകയുള്ളൂ എന്ന വസ്തുത നമുക്കെല്ലാവര്‍ക്കും അറിയാം. നശ്വരമായ ഈ ലോകത്തില്‍ ജീവിക്കുവാന്‍ ഇത്രയധികം സ്ഥലങ്ങളില്‍ പേര് രേഖപ്പെടുത്തണമെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ മരണത്തിനുശേഷം എന്നെന്നേക്കുമായി, അനശ്വരമായി നിത്യകാലം സ്വര്‍ഗ്ഗം അഥവാ മോക്ഷത്തില്‍ സമാധാനമായും സന്തോഷമായും ജീവിക്കുവാന്‍ നിങ്ങളുടെ പേര് ഇപ്പോള്‍ തന്നെ അവിടെ രജിസ്റ്റര്‍ ചെയ്യേണ്ടയോ? അതെ! നിങ്ങളുടെ പേര് തീര്‍ച്ചയായും ഇപ്പോള്‍ തന്നെ അവിടെ രജിസ്റ്റര്‍ ചെയ്യണം.

അവിടെ നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ നിങ്ങള്‍ എന്തു ചെയ്യണം? അതിനായി സ്വര്‍ഗ്ഗത്തിലുള്ള ദൈവത്തിന്റെ കുടുംബത്തില്‍ ഒരു അംഗമായി നിങ്ങള്‍ ജനിക്കണം. അതിനെക്കുറിച്ച് വിശുദ്ധ വേദപുസ്തകത്തില്‍, ‘അവനെ (കര്‍ത്താവായ യേശുക്രിസ്തുവിനെ) കൈക്കൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു’ (യോഹ.1:12) എന്ന് നാം വായിക്കുന്നു. കര്‍ത്താവായ യേശുവിനെ നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിച്ച്, തന്നെ നിങ്ങളുടെ സ്വന്ത രക്ഷിതാവായും കര്‍ത്താവായും സ്വീകരിച്ചാല്‍ നിങ്ങള്‍ അവന്റെ പൈതലായി മാറും. നിങ്ങളുടെ പാപങ്ങള്‍ക്കായി നിങ്ങള്‍ അനുഭവിക്കേണ്ട ശിക്ഷയെ കാല്‍വറി ക്രൂശില്‍ അവന്‍ സ്വീകരിച്ച് നിങ്ങള്‍ക്കുവേണ്ടി മരിച്ചു, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് എന്നെന്നേക്കുമായി ജീവിക്കുന്നു. നിങ്ങളുടെ ചെറു പ്രായം മുതല്‍ ഇതുവരെ ചെയ്ത പാപങ്ങളെ നിങ്ങള്‍ പശ്ചാത്താപത്തോടെ ഒന്നൊന്നായി ഏറ്റു പറഞ്ഞാല്‍ അവന്‍ നിങ്ങളുടെ പാപങ്ങളെ ക്ഷമിച്ച്, നിങ്ങളെ തന്റെ പൈതലായി സ്വീകരിക്കും. ഇപ്രകാരം തന്റെ മക്കളായി മാറ്റപ്പെട്ടവരോട്, കര്‍ത്താവ് ഈ ലോകത്തിലിരുന്നപ്പോള്‍ ‘നിങ്ങളുടെ പേര്‍ സ്വര്‍ഗ്ഗത്തിലെഴുതിയിരിക്കുന്നതിലത്രെ സന്തോഷിപ്പിന്‍ എന്ന് പറഞ്ഞു.’ (ലൂക്കൊ. 10:20). കര്‍ത്താവായ യേശുവിനെ വിശ്വസിച്ച് പാപക്ഷമ പ്രാപിച്ചവരുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ ‘ദൈവത്തില്‍ നിന്നു ജനിച്ചവന്‍ ആരും പാപം ചെയ്യുന്നില്ല’ (1 യോഹ. 3:9) എന്നു വേദപുസ്തകം പ്രസ്താവിക്കുന്നതുപോലെ ഇങ്ങനെയുള്ളവര്‍ ഇനിമേല്‍ പാപം ചെയ്യാതെ ഈ പാപലോകത്തില്‍ വിശുദ്ധരായി ജീവിക്കുവാന്‍ കര്‍ത്താവായ യേശു അവര്‍ക്കു കൃപ നല്‍കുന്നു. കൂടാതെ കര്‍ത്താവായ യേശുക്രിസ്തു കാല്‍വറി ക്രൂശില്‍ നിങ്ങള്‍ക്കായി മരിച്ചപ്പോള്‍, നിങ്ങളുടെ പാപങ്ങള്‍ മാത്രമല്ല, നിങ്ങളുടെ രോഗങ്ങളെയും താന്‍ ചുമന്നു. ആകയാല്‍ തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു മാറാരോഗങ്ങളില്‍ നിന്നു സൗഖ്യം പ്രാപിച്ചു ആരോഗ്യത്തോടെ ജീവിക്കുവാന്‍ കഴിയും.

ഇത് ഇങ്ങനെയാകുന്നുവെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ തങ്ങളുടെ പേര്‍ രേഖപ്പെടുത്താത്തവരുടെ അന്ത്യം എന്ത്? മരണത്തിനുശേഷമുള്ള ന്യായവിധി ദിനത്തില്‍ അവര്‍ക്കു സംഭവിക്കുന്നതിനെക്കുറിച്ച്, ‘ജീവപുസ്തകത്തില്‍ പേരെഴുതികാണാത്ത ഏവനെയും തീപ്പൊയ്കയില്‍ (നരകാഗ്നിയില്‍) തള്ളിയിടും (വെലി.20:15) എന്ന് പറഞ്ഞിരിക്കുന്നു.

കര്‍ത്താവായ യേശുവിന്റെ രക്തം നിങ്ങളുടെ പാപങ്ങളെ പോക്കി ക്ഷമയേയും, തന്റെ ക്രൂശ് നിങ്ങളുടെ ശാപത്തെ നീക്കി അനുഗ്രഹത്തെയും, തന്റെ അടിപ്പിണരുകള്‍ നിങ്ങളുടെ രോഗങ്ങളെ നീക്കി സൗഖ്യത്തെയും, തന്റെ മരണം നിങ്ങളുടെ മരണഭയത്തെ നീക്കി ധൈര്യത്തെയും നല്‍കുന്നു. കര്‍ത്താവായ യേശുവിന്റെ ജീവനാല്‍ നിത്യജീവനെയും നിങ്ങള്‍ക്കു കരസ്ഥമാക്കാം. നിങ്ങളുടെ പേര്‍ ഭൂമിയില്‍ അല്ല സ്വര്‍ഗ്ഗത്തിലുള്ള ജീവപുസ്തകത്തില്‍ എഴുതപ്പെടും. ഈ ആയുസ്സില്‍ ലോകത്തിന് നല്‍കുവാന്‍ കഴിയാത്ത യഥാര്‍ത്ഥ സമാധാനത്തെയും സന്തോഷത്തെയും മരണത്തിനുശേഷം സ്വര്‍ഗ്ഗത്തില്‍ പോകുവാനുള്ള ഭാഗ്യത്തെയും പ്രാപിക്കുവാന്‍ ഇന്നുതന്നെ കര്‍ത്താവായ യേശുവിന്റെ അടുക്കലേക്ക് കടന്നു വരിക.

      പ്രാര്‍ത്ഥന: ‘കര്‍ത്താവായ യേശുവേ ഞാന്‍ അങ്ങയെ വിശ്വസിച്ച് എന്റെ ജീവിതത്തെ മുഴുവനും അങ്ങേയ്ക്കായി സമര്‍പ്പണം ചെയ്യുന്നു. എന്റെ പാപങ്ങള്‍ പോക്കി എന്നെ അങ്ങയുടെ വിശുദ്ധ രക്തത്താല്‍ കഴുകി അങ്ങയുടെ പൈതലായി സ്വീകരിച്ച് സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍തന്നെ എന്റെ പേര്‍ രേഖപ്പെടുത്തേണമേ. ഇനി എന്റെ ആയുഷ്‌ക്കാലം എല്ലാം അങ്ങയുടെ പൈതലായി ജീവിച്ചുകൊള്ളാം ആമേന്‍’

 

You can find equivalent English tract @

Is your name registered ?