നിങ്ങള്‍ ഒരു വിശിഷ്ട വ്യക്തിയാകുന്നു
മനുഷ്യന്റെ പ്രവര്‍ത്തന പാടവത്തിനു പകരമായി ശാസ്ത്രീയ ഗവേഷണങ്ങളും ആധുനിക കണ്ടുപിടിത്തങ്ങളും സ്ഥാനം പിടിക്കുന്ന ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍, മനുഷ്യന്റെ യഥാര്‍ത്ഥമൂല്യം ആരും മനസ്സിലാക്കുന്നില്ല. തങ്ങളുടെ ശാരീരിക പാടവങ്ങള്‍ കൊണ്ടും സംഗീത വൈഭവം കൊണ്ടും കായിക സാമര്‍ത്ഥ്യങ്ങള്‍ കൊണ്ടും ശ്രദ്ധേയരായി തീരുന്ന ചിലര്‍ ഉണ്ട്. ഇവര്‍ പൊതുജനശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ വിജയിച്ചേക്കാം. എന്നാല്‍ നാം തെരുവിഥികളില്‍ കണ്ടുമുട്ടുന്ന ജനങ്ങളില്‍ ഭൂരിപക്ഷവും ആരുമാരും ശ്രദ്ധിക്കാതെ, തിരിച്ചറിയാതെ കടന്നുപോകുന്നു.
ഒരു ശരാശരി ശരീരത്തിലെ രാസവസ്തുക്കള്‍ക്ക് 36 രൂപ മാത്രമേ വിലയുള്ളൂ എന്ന് ശാസ്ത്രജ്ഞന്മാര്‍ പ്രസ്താവിക്കുന്നു. ലോകത്തിന്റെ പോക്ക് നോക്കിയാല്‍ മനുഷ്യന്‍ ആരുമല്ലാത്തവന്‍ ആയിരിക്കുന്നു. തങ്ങള്‍ എത്രയധികം കിണഞ്ഞ് യത്‌നിക്കുന്നുവെങ്കിലും അവരുടെ ഉദ്യമങ്ങള്‍ സമൂഹം അംഗീകരിക്കാത്തതുകൊണ്ടും അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെടാത്തതുകൊണ്ടും ലോകത്തില്‍ തങ്ങളുടെ വ്യക്തിത്വം പതിപ്പിക്കുവാന്‍ കഴിയാത്തതുകൊണ്ടും എത്ര പ്രാവശ്യമാണ് യുവജനങ്ങളും അതുപോലെ വയോധികരും നിരാശപ്പെട്ടിരിക്കുന്നത്.
വേദപുസ്തകത്തില്‍ കര്‍ത്താവായ യേശു കാണാതെ പോയ ആടിനെക്കുറിച്ച് ഒരു ഉപമ പ്രസ്താവിച്ചിരിക്കുന്നു. (ലൂക്കൊ. 15-ാം അധ്യായം) ഒരു ഇടയന് നൂറ് ആടുകള്‍ ഉണ്ടായിരുന്നു. അവയില്‍ ഒന്ന് കാണാതെ പോയി. ആ കാണാതെ പോയ ആടിനെ ഏതുവിധേനയെങ്കിലും കണ്ടെത്തണം എന്ന ഏക ഉദ്ദേശത്തോടെ തൊണ്ണൂറ്റിയൊമ്പത് ആടുകളെയും വിട്ടിട്ട് ഇടയന്‍ ആ ഒരു ആടിനെ അന്വേഷിച്ച് പോയി. കണ്ടെത്തിയ ഉടനെ അവന്‍ അതിനെ ചുമലില്‍ കയറ്റി ഭവനത്തില്‍ കൊണ്ടുവന്ന് തന്റെ സ്‌നേഹിതന്മാരേയും അയല്‍ക്കാരേയും വിളിച്ച് കൂട്ടി ‘കാണാതെ പോയ എന്റെ ഈ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിന്‍’ എന്ന് അവരോടു പറഞ്ഞു (വച.6). കാണാതെ പോയത് ഒരു ആട് ആണെങ്കിലും ഇടയന് അത് അമൂല്യമായിരുന്നു. ‘ഞാന്‍ നല്ല ഇടയന്‍ ആകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു’ (യോഹ. 10:11) എന്ന് കര്‍ത്താവ് യേശു അരുളിച്ചെയ്തിരിക്കുന്നു.
നിങ്ങള്‍ ആട്ടിന്‍ കൂട്ടത്തെ വിട്ടും ഭവനത്തെവിട്ടും അലഞ്ഞ് ഉഴലുന്ന, നഷ്ടപ്പെട്ടുപോയ, ആടിനെപ്പോലെ ആയിരിക്കാം. എന്നാല്‍ ആ നല്ല ഇടയന് നിങ്ങള്‍ വിശ്ഷ്ടനായ ഒരു വ്യക്തിയത്രെ. നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ ക്രിസ്തു നമുക്കു വേണ്ടി മരിച്ചു (റോമ. 5:8) എന്ന് ബൈബിള്‍ പറയുന്നു. മാത്രമല്ല, ‘ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവര്‍ മറന്നുകളഞ്ഞാലും ഞാന്‍ നിന്നെ മറക്കയില്ല’ (യെശ. 49: 15) എന്ന് ദൈവം അരുളിച്ചെയ്യുന്നു. ദൈവത്തിന് നിങ്ങള്‍ ഒരു വിശിഷ്ടനായ വ്യക്തിയത്രെ.
ഒരു പക്ഷെ ആരും നിങ്ങള്‍ക്കായി കരുതുവാനില്ല, ആരും നിങ്ങളെ മനസ്സിലാക്കുന്നുമില്ല എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ നിങ്ങള്‍ക്കായി കരുതുകയും, നിങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്നവനായ ഒരു വ്യക്തിയുണ്ട്. കര്‍ത്താവായ യേശുക്രിസ്തു എന്ന ആ വ്യക്തിയോട് നിങ്ങളെ പരിചയപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവനു വേണ്ടപ്പെട്ട ഒരാള്‍ ആയി, രക്ഷിക്കുവാന്‍ യോഗ്യതയുള്ള ഒരാളായി, നിങ്ങള്‍ക്കു വേണ്ടി താന്‍ മരിക്കുവാന്‍ പോലും യോഗ്യതയുള്ള ആളായി യേശു നിങ്ങളെ കാണുന്നു. തന്റെ കാഴ്ചയില്‍ നിങ്ങള്‍ അത്യന്തം വിലയുള്ളവനും അവര്‍ണ്ണ്യമാംവിധം അമൂല്യനുമായ ആളത്രെ. യേശു നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങളെ രക്ഷിക്കുവാന്‍ വേണ്ടി അവന്‍ മരിച്ചു. നിങ്ങളോട് ക്ഷമിക്കുവാന്‍ വേണ്ടി, നിങ്ങള്‍ അന്വേഷിക്കുന്ന സംതൃപ്തിയും സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് നല്‍കുവാന്‍ വേണ്ടി അവന്‍ ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു. നിങ്ങള്‍ക്ക് ക്രിസ്തുവിന്റെ അടുക്കലേക്ക് വന്ന് തന്റെ പൈതലായിത്തീരാം.
നിങ്ങള്‍ ഒരു പക്ഷെ, ‘ഞാന്‍ ബഹുദൂരം അകന്നുപോയിരിക്കുന്നു, എനിക്ക് ഇനി ആശക്കു വകയില്ല, ഞാന്‍ എന്റെ ബലഹീനതകള്‍ക്ക് അടിമായാകുന്നു. എന്നെ സഹായിക്കുവാന്‍ ആരുമില്ല’ എന്നു പറഞ്ഞേക്കാം. ക്രിസ്തുവില്‍ കൂടെ പുതിയ പ്രത്യാശ, നവജീവന്‍, സന്തോഷം, സമാധാനം, ഒരു ഉദ്ദേശം, ഒരു ലാക്ക്, ഒരു ജീവിതലക്ഷ്യം നിങ്ങള്‍ക്ക് കണ്ടെത്തുവാന്‍ കഴിയും. നിങ്ങളുടെ ജീവിതത്തെ യേശുക്രിസ്തുവിന് സമര്‍പ്പണം ചെയ്താല്‍ ഇത് നിങ്ങള്‍ക്കും ഇന്നു തന്നെ ഇപ്പോഴേ ലഭ്യമാകും.
പ്രാര്‍ത്ഥന: ‘കര്‍ത്താവായ യേശുവേ, ഞാന്‍ ഒരു പാപിയാകുന്നു. ദയവായി എന്നോടു ക്ഷമിക്കേണമേ. അങ്ങ് എന്നെ സ്‌നേഹിച്ച് എനിക്കു വേണ്ടി മരിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ആയുഷ്‌ക്കാലം മുഴുവനും ഇനി ഞാന്‍ അങ്ങയെ അനുഗമിക്കും. ഞാന്‍ അങ്ങയെ എന്റെ രക്ഷിതാവും ദൈവവുമായി സ്വീകരിക്കുന്നു. ഞാന്‍ എന്റെ ജീവിതം മുഴുവനും അങ്ങേക്ക് നല്‍കുന്നു.’ ആമേന്‍.
You can find equivalent English tract @